ഇളംതുരുത്തിയിൽ ജൂബിലി മിഷൻ ‘നോളജ് വില്ലേജ്’ തുറന്നു.
ഇളംതുരുത്തിയിൽ ജൂബിലി മിഷൻ ‘നോളജ് വില്ലേജ്’ തുറന്നു
തൃശ്ശൂർ ആരോഗ്യ, വിദ്യാഭ്യാസ ഹബ്ബാകണം: സുരേഷ് ഗോപി
തൃശ്ശൂർ: വിദഗ്ധ ചികിത്സ അടക്കമുള്ള ആരോഗ്യ സംരക്ഷണത്തിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും രാജ്യത്തെ പ്രധാന ഹബ്ബ് ആയി തൃശ്ശൂരിനെ വികസിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ജൂബിലി മിഷന്റെ നാലാമത്തെ ക്യാമ്പസായ നോളജ് വില്ലേജ് ഇളംതുരുത്തിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആതുര ചികിത്സാരംഗത്തും മെഡിക്കൽ വിദ്യാഭ്യാസരംഗത്തും മികവു തെളിയിച്ച ജൂബിലി മിഷൻ ആശുപത്രി അടക്കമുള്ള സ്ഥാപനങ്ങൾക്ക് അതിനു കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ജൂബിലി മിഷൻ ആശുപത്രിയുടെ 75 ാം വാർഷികത്തോടനുബന്ധിച്ച് തപാൽ വകുപ്പ് പുറത്തിറക്കുന്ന തപാൽ സ്റ്റാമ്പിന്റെ പ്രകാശനവും കേന്ദ്രമന്ത്രി സുരേഷ് ഗോപി നിർവഹിച്ചു.
ആശുപത്രി ചെയർമാൻകൂടിയായ ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത് അധ്യക്ഷനായി.
ജൂബിലി മിഷനെ യൂണിവേഴ്സിറ്റിയായി ഉയർത്താനുള്ള പദ്ധതികൾ വിഭാവനം ചെയ്യുന്നതായി അദ്ദേഹം അറിയിച്ചു. സ്വകാര്യ ആശുപത്രികളെ വിദേശ കുത്തകകൾ കോടികൾ മുടക്കി ഏറ്റെടുക്കുന്ന ഇക്കാലത്ത് ജൂബിലി മിഷനു വളരെ പ്രസക്തിയുണ്ടെന്ന് മുഖ്യാതിഥിയായ ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ പറഞ്ഞു.
ജൂബിലി മിഷൻ ഡയറക്ടർ ഫാ. റെന്നി മുണ്ടൻകുര്യൻ, സി ഇ ഒ ഡോ. ബെന്നി ജോസഫ്, പ്രിൻസിപ്പൽ ഡോ. എം. എ. ആൻഡ്രൂസ്, പ്രഫ. പി.സി. തോമസ് എന്നിവർ പ്രസംഗിച്ചു. ജൂബിലി മിഷൻ നോളജ് വില്ലേജിൽ മെഡിക്കൽ, പാരാമെഡിക്കൽ, ഹെൽത്ത് മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകൾ, ഹോസ്റ്റൽ തുടങ്ങിയവയാണ് പ്രവർത്തിക്കുക.









